കോഴിക്കോട് തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചതായി പരാതി. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി സ്വദേശി ജിഷ്മ ആരോപിച്ചു.
താന്‍ ഉരുണ്ട് റോഡിലേക്ക് വീണെന്നും തന്നെ മഠത്തില്‍ രാജീവന്, മഠത്തില്‍ മോഹനന് എന്നിവരാണ് ഉപദ്രവിച്ചതെന്നും അവര്‍ പറയുന്നു. ‘ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടില്ലെന്നു പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി. റോഡിലൂടെ വലിച്ചിഴച്ചു. ഭര്‍ത്താവിന്റെ പേരില്‍ കേസുകൊടുക്കുമെന്ന് പറഞ്ഞു’, ജിഷ്മ പറഞ്ഞു.
എന്നാല്‍, നേരത്തെ തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നതടക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു. ആദിവാസി ജനതയെ തേങ്ങാ മോഷണത്തിനെതിരെ കുറ്റവിചാരണ ചെയ്യുന്ന കമ്മിറ്റി പ്രദേശത്ത് പരസ്യമായി പ്രവര്‍ത്തിച്ചിട്ടും അതിനെതിരെ പോലും നടപടി ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.


