ബംഗാളി സംസാരിക്കുന്ന ‘മിയാസ്’ മുസ്ലിം വിഭാഗങ്ങളെ അധിക്ഷേപിച്ചുള്ള അസം ആരോഗ്യമന്ത്രി അശോക് സിംഗാള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം. മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാര്‍ട്ടിയായ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത് എത്തി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നത്.
ഹിന്ദു ഉത്സവങ്ങളില്‍, മിയാസിനെ കടകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ധെകിയാജുലിയില് അടുത്തിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മിയാസിന് ഒരു പിന്തുണയും ഇല്ലെന്നും അവരുമായി ഇടപഴകുന്നത് പ്രദേശവാസികള്‍ ഒഴിവാക്കണമെന്നും അശോക് സിംഗാള്‍ പറയുന്നുണ്ട്.
‘മിയാസിന് നിങ്ങള്‍ ഷോപ്പുകള്‍ കൊടുക്കരുത്, പകരം നിങ്ങള്‍ക്കിടയിലുള്ള യുവാക്കള്‍ക്ക് അവസരം കൊടുക്കുക. എങ്ങനെയാണ് മിയാസിന് നമ്മുടെ ഉത്സവപരിപാടിയിലേക്ക് കടക്കാനാവുക. നമ്മുടെ കുട്ടികള്‍ ഈദിന് അങ്ങോട്ട് പോകാറില്ല. മിയാസിനൊപ്പം ഞാനില്ല, നിങ്ങള്‍ ഇനി അവരോടൊപ്പം ഇടപഴകുകയാണെങ്കില് എന്നെ നിങ്ങള്‍ക്കൊപ്പം പ്രതീക്ഷിക്കേണ്ട’- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എഐയുഡിഎഫ്, എംഎല്‍എ റഫീഖുല്‍ ഇസ്ലാം ആണ് സിംഗാളിനെതിരെ രംഗത്ത് എത്തിയത്. സിംഗാളിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍ നിന്ന് മിയാസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. 20 മിനിറ്റോളം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടി വന്നു. അസമില്‍ മിയാസിനെ ‘മിയ’ എന്ന വാക്ക് പലപ്പോഴും അധിക്ഷേപിക്കാനാണ് ഉപയോഗിക്കാറ്. മിയ എന്ന വാക്ക് ഉപയോഗിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.


