തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചു. എ ജയതിലക് എഐഎസ് ആണ് സസ്പെന്ഷന് പിന്‍വലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത്. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷമാണ് തീരുമാനം അട്ടിമറിച്ചത്. റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയതും അട്ടിമറിച്ചു.
2024 നവംബർ 11നാണ് എൻ.പ്രശാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോക്ടർ എ.ജയതിലക്,കെ.ഗോപാലകൃഷ്ണൻ എന്നിവരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നതായിരുന്നു കുറ്റം.തുടർന്ന് ഏപ്രിൽ 23 ന് അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സസ്പെൻഷൻ റിവ്യൂ കമ്മിറ്റി സസ്പെൻഷൻ പിൻവലിക്കൻ തീരുമാനിച്ചു.പ്രശാന്ത് നൽകിയ മറുപടിയും പുതിയ അന്വേഷണം ഒന്നും പ്രശാന്തിനെതിരെ പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.ഇക്കാര്യം റിവ്യൂ കമ്മിറ്റിയുടെ നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തന്റെ സസ്പെന്ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് കഴിഞ്ഞദിവസം എന്‍ പ്രശാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും അറിയിച്ചിരുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയെന്നും പ്രശാന്ത് ചോദിച്ചിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ഏഴ് മാസമായി സസ്പെന്‍ഷനില്‍ കഴിയുകയാണ് എന്‍ പ്രശാന്ത്.


