കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
1986 ല്‍ 14 വയസുള്ളപ്പോള്‍ കൂടരഞ്ഞിയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും പിന്നീട് അയാള്‍ മരിച്ചുവെന്നാണ് അറിഞ്ഞതെന്നും മുഹമ്മദലി വെളിപ്പെടുത്തി. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അഞ്ജാത മൃതദേഹമായി സംസ്കരിച്ചെന്നും കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി ഏറ്റുപറഞ്ഞു.
അതേസമയം വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു. 1989 – ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളെ കൊലപ്പെടുത്തിയതായും ഇയാള്‍ മൊഴി നല്കി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.


