ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര് പെണ്കുട്ടികള് ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്നും സിബിഐ കുറ്റപത്രത്തില് പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്.
അതേസമയം കൊലപ്പെടുത്തിയതിനു ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല് റിപ്പോര്ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില് പറയുന്നു. എന്നാല് ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല് നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു.
പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തലുകളില് പലതും തൂങ്ങിമരണത്തിന് സമാനമാണെന്ന പൊലീസ് സര്ജന്റെ റിപ്പോര്ട്ടും സിബിഐ കുറ്റപത്രത്തില് വ്യകത്മാക്കുന്നു. ‘കുറ്റം നടന്ന സ്ഥലം, ഇന്ക്വസ്റ്റ് ഫോട്ടോകള്, പോസ്റ്റ്മോര്ട്ടം കണ്ടെത്തലുകള്, അനുബന്ധ റിപ്പോര്ട്ടുകള്, എന്നിവ പരിശോധിച്ച ഫോറന്സിക് സര്ജന്റെ നിഗമനം മരണം തൂങ്ങിമരണവുമായി പൊരുത്തപ്പെടുന്നുവെന്നായിരുന്നു’വെന്നും കുറ്റപത്രത്തില് സൂചിപ്പിക്കുന്നു.


