മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. അപ്പീല്‍ തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവാണ് ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ചത്.
നേരത്തെ കുടുംബത്തിന്റെ ആവശ്യം തള്ളിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ കുടുംബം അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീലിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. കൊലപാതക സാധ്യതയെന്ന ആരോപണത്തെ സാധൂകരിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതുള്‍പ്പെടെ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ പ്രതികരിച്ചു. കേസില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം പറയുന്നു.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂര്‍ണമാണെന്നും സിംഗ്ള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹരജി തള്ളിയതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നെന്നും ഡിവിഷന് ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട പി.പി. ദിവ്യക്ക് യാതൊരു പരിഗണനയും നല്‍കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹരജിക്കാരി പറയുന്നു.


