കുവൈത്ത് സിറ്റി: അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എറണാകുളം സ്വദേശിനി ബിൻസിയും കണ്ണൂർ സ്വദേശി സൂരജും മരിച്ച സംഭവത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപത്തെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റർ അവധിക്കു ശേഷം അഞ്ചു ദിവസം മുൻപാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. മെഡിക്കലടക്കം പൂർത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്ക് കൂടിയ ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസിന് വാതിൽ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പൊലീസ് അകത്തു കടന്നത്. തുടർന്ന് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


