ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനെ പ്രതി ചേര്‍ത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പേട്ട പൊലീസിന്റേതാണ് നടപടി. സുഹൃത്തായ സുകാന്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയതിനു പിന്നാലെയാണ് നടപടി.
മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നായിരുന്നു യുവതിയുടെ പിതാവ് ആരോപിച്ചിരുന്നത്. മകള്‍ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. ശമ്പളം അടക്കം മകള്‍ സുകാന്തിന് അയച്ചു നല്‍കിയിരുന്നതായും പിതാവ് പെളിപ്പെടുത്തിയിരുന്നു. അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് പറഞ്ഞത്.
യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സുകാന്ത് പറഞ്ഞിരുന്നു.
അതേസമയം രക്ഷപ്പെടാന്‍ സുകാന്ത് എന്തും ചെയ്യുമെന്നായിരുന്നു ഇതിനോട് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പ്രതികരിച്ചത്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും വിവാഹാലോചന നടന്നിട്ടില്ലെന്നും പിതാവ് പറയുന്നു. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നും പിതാവ് പറഞ്ഞിരുന്നു.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.


