നഴ്സ് അമീന മരിച്ച സംഭവത്തില്‍ കുറ്റിപ്പുറം അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ എന്‍. അബ്ദുല്‍റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഡി.വൈ.എസ്.പി സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുല്‍റഹ്മാനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ടോടെയാണ് അബ്ദുല്‍റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അമീനയുടെ സഹപ്രവര്‍ത്തകരുടെയും നേരത്തെ അമാന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികളും പൊലീസ് എടുത്തിയിരുന്നു.
ഈ മാസം 12നാണ് നഴ്സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നാലെ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമിതയളവില്‍ മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് അമീന മരിച്ചത്.
ജനറല്‍ മാനേജര്‍ എന്‍.അബ്ദുല്‍റഹ്മാന്റെ മാനസിക പീഢനത്തെ തുടര്‍ന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ആക്ഷേപമുയര്‍ന്നിരുന്നു. സംഭത്തിനു പിന്നാലെ അബ്ദുല്റഹ്മാന് ഒളിവില്‍ പോയിരുന്നു. ഇതോടെ വിവിധ സംഘടനകള്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അബ്ദുല്റഹ്മാനെതിരേ നഴ്സുമാരും സംഘകടനകളും പൊലീസില്‍ പരാതി നല്കി. അമീനയുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നല്കി. ഇതോടെ തിരൂര്‍ ഡി.വൈ.എസ്.പി കേസ് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുല്റഹ്മാന് ഇന്നലെ അറസ്റ്റിലായത്.


