പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യ പ്രകടനം നടത്തി സിപിഎം. ദേശീയ പണിമുടക്ക് ദിവസം പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. എസ്ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്.
‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്ന കൊലവിളി മുദ്രാവാക്യത്തോടെ കാസര്‍കോട് കുമ്പളയിലാണ് ഏരിയാ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. പണിമുടക്ക് ദിവസം സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസിന്റെ നെയിംബോര്‍ഡ് അടക്കം പ്രവര്‍ത്തകര്‍ പറിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ എസ്ഐക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ ഏരിയാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്.


