കൊല്ലം കോര്‍പ്പറേഷനില്‍ കൂട്ടരാജി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി.
കൊല്ലം മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കുമെന്നായിരുന്നു ഉഭയകക്ഷി ധാരണയുണ്ടായിരുന്നത്. എന്നാല്‍ അവര്‍ രാജിവെക്കാന്‍ തയ്യാറാവാതെ വന്നതോടെ ഡെപ്യൂട്ടി മേയര്‍സ്ഥാനം സിപിഐ ഉപേക്ഷിക്കുകയായിരുന്നു.
പാര്‍ട്ടി തീരുമാന പ്രകാരമായിരുന്നു രാജിയെന്ന് ഡെപ്യൂട്ടി മേയറായിരുന്ന കൊല്ലം മധു പറഞ്ഞു. ഇന്ന് മേയര്‍ രാജിവെച്ചില്ലെങ്കില്‍ സിപിഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര് രാജിവെക്കാന്‍ തീരുമാനം ഉണ്ടായിരുന്നു. ഇതുപ്രകാരം വൈകീട്ട് 4.55 ന് രാജി സമര്‍പ്പിക്കുകയായിരുന്നെന്ന് കൊല്ലം മധു പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍, രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സണ്മാര് എന്നിവരാണ് ഇന്ന് രാജിവെച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് സോമന് എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.


