ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെ വിവാദ പരാമര്‍ശം നടത്തിയതില്‍ രാഖി സാവന്തിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നടിക്ക് മഹാരാഷ്ട്ര സൈബര്‍ സെല്‍ നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഷോയുടെ 12ാം എപ്പിസോഡില്‍ ഗസ്റ്റായിരുന്നു രാഖി സാവന്ത്.
അതേസമയം രണ്‍വീര്‍ അല്ലാബാദിയ വിവാദ പരാമര്‍ശം നടത്തിയ ഷോയില്‍ രാഖി പാനലിസ്റ്റായിരുന്നില്ല. ഷോയുടെ ഒരു എപ്പിസോഡില്‍ മാത്രമാണ് രാഖി അതിഥിയായെത്തിയത്. വിവാദമായ കണ്ടന്റ് ഒഴിവാക്കാന്‍ സൈബര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യൂട്യൂബര്‍ ആശിഷ് സോളങ്കി, കൊമേഡിയന്‍ മഹീപ് സിങ്, റാപ്പര്‍ യഷ് രാജ്, ദി ഹാബിറ്റാറ്റ് ഉടമ ബല്‍രാജ് സിങ് ഗയ് എന്നിവരും അന്ന് ഷോയില്‍ പാനലിലുണ്ടായിരുന്നു. യൂട്യൂബര്‍ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനും സൈബര്‍ സെല്‍ നിര്‍ദേശിച്ചു.
നടീ നടന്മാര്, നിര്‍മാതാക്കള്‍, പാനലിസ്റ്റുകള്‍, തുടങ്ങി ഷോയുമായി ബന്ധപ്പെട്ട 42 പേരെ സൈബര്‍ സെല്‍ വിളിപ്പിച്ചിട്ടുണ്ട്. അതേസമയം വിവാദ പരാമര്‍ശത്തില്‍ അല്ലാബാദിയക്ക് സുപ്രീംകോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.


