പട്ന: ബിഹാറില്‍ വോട്ട് കൊള്ളക്ക് ബിജെപി പദ്ധതിയിടുകയാണെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 243 സീറ്റുകളില്‍ 160 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് ഇതിന് തെളിവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ജയറാം രമേശ് എക്സില്‍ കുറിപ്പില്‍ ‘വിദ്യാഭ്യാസ മേഖലയില്‍ വിസി എന്നതിന്റെ അര്‍ത്ഥം വൈസ് ചാന്‍സലര്‍ എന്നാണ്. സ്റ്റാര്‍ട്ടപ്പ് ലോകത്ത്, വെഞ്ച്വര്‍ ക്യാപിറ്റലിനെയാണ് വിസി എന്ന് വിശേഷിപ്പിക്കുന്നത്. ഇനി സൈന്യത്തിലാണെങ്കില് വിസി എന്നാല്‍ വീര്‍ ചക്ര എന്നാണ്. രാഷ്ട്രീയത്തിലിപ്പോള് പുതിയ വിസി ഉയര്‍ന്നുവന്നിരിക്കുന്നു- വോട്ട് ചോരി( വോട്ട് മോഷണം).
വോട്ട് മോഷണത്തിന്റെ ലക്ഷ്യം ബിഹാറില്‍ ഇതിനകം നിശ്ചയിച്ചിരിക്കുന്നു. അമിത് ഷാ ആത്മവിശ്വാസത്തോടെ 160 സീറ്റുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വിസി (വോട്ട് മോഷണം), വിആര്‍ (വോട്ട് സൗജന്യങ്ങള്‍) വഴിയാണ് ഈ ഫലം നേടാനാകുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. പക്ഷേ ബിഹാറിലെ ജനങ്ങള്‍ ഇത്തരം ഗൂഢാലോചനകള്‍ക്ക് വഴങ്ങില്ല. മഹാസഖ്യം വിജയിക്കുകയും, അതിന്റെ പ്രകമ്പനം ഡല്‍ഹി വരെ എത്തുകയും ചെയ്യും.”
അതേസമയം, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഒക്ടോബര്‍ 6-7ന് പ്രഖ്യാപിക്കാനിടയുണ്ട്. ഒക്ടോബര്‍ 4, 5 തീയതികളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബിഹാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പ്രഖ്യാപനം ഉണ്ടാകും.
2020-ല്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറി രണ്ടുഘട്ടങ്ങളിലായിരിക്കും എന്നാണ് സൂചന. നവംബര്‍ 22-ന് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകും.


