സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുമായി ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി കാണപ്പെടുന്ന ചക്രവാതചുഴി കൂടിക്കലര്‍ന്നതാണ് മഴയ്ക്ക് കാരണം.
ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്കി. മഴയ്ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്.


