യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കും ലിവര്‍പൂളിനും ബയേണ്‍ മ്യൂണിക്കിനും ജയം. ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ബെന്‍ഫിക്കയെ തോല്പിച്ചു. ലിസ്ബനിലെ ബെനഫിക തട്ടകത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ആവേശ പോരാട്ടത്തില്‍ 61ാം മിനിറ്റില്‍ റഫീഞ്ഞയാണ് കറ്റാലന്‍ ക്ലബിനായി വലകുലുക്കിയത്. 22ാം മിനിറ്റില്‍ പതിനേഴുകാരന് പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്. ഗോള്‍കീപ്പര്‍ ഷെസ്നിയുടെ മികച്ച സേവുകളും ടീമിന് രക്ഷയായി.
മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനോട് തോറ്റ് പി.എസ്.ജി. പകരക്കാരനായി ഇറങ്ങിയ ഹാവി എലിയറ്റ് 87ാം മിനിറ്റില്‍ നേടിയ ഗോളിലാണ് ചെമ്പട ആദ്യപാദത്തില്‍ മുന്നേറിയത്.(1-0). 27 ഷോട്ടുകളാണ് പി.എസ്.ജി ഉതിര്‍ത്തത്. ലക്ഷ്യത്തിലേക്ക് 10 തവണയാണ് നിറയൊഴിച്ചത്. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വന്മതിലായി നിന്ന ബ്രസീലയന്‍ ഗോള്‍കീപ്പര്‍ അലിസന് ബെക്കറിന്റെ അത്യുഗ്രന്‍ സേവുകള്‍ ലിവര്‍പൂളിന്റെ വിജയക്കൊടി പാറിച്ചു. മറുഭാഗത്ത് ലക്ഷ്യത്തിലേക്ക് ഒറ്റതവണ മാത്രം ഷോട്ടുതിര്‍ത്ത ലിവര്‍പൂള്‍ അത് ഗോളാക്കുകയും ചെയ്തു.
ജര്‍മന്‍ ക്ലബുകളുടെ ബലാബലത്തില്‍ ബയേര്‍ ലെവര്‍കൂസനെ വീഴ്ത്തി ബയേണ്‍ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. ബയേണിനായി ഹാരി കെയിന്‍(9,75) ഇരട്ട ഗോള്‍ നേടി. ജമാല്‍ മുസിയാല(54)യാണ് മറ്റൊരു ഗോള്‍ സ്കോറര്‍. 62ാം മിനിറ്റില്‍ ലെവര്കൂസന് താരം നോര്‍ഡി കുകെയിലക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരായാണ് ലെവര്കൂസന് കളിച്ചത്. അതേസമയം ഇന്റര്മിലാന് രണ്ട് ഗോളുകള്‍ക്ക് ഫെയനൂര്‍ദിനെ തകര്‍ത്തു. ഇറ്റാലിയന്‍ ക്ലബ്ബിനായി മാര്‍ക്കോസ് തുറാമും അര്‍ജന്റീനക്കാരനായ ലൗത്താറോ മാര്‍ട്ടിനെസും വലകുലുക്കി.


