സിപിഎം നേതാവ് കെജെ ഷൈനിനെ അധിക്ഷേപിച്ചെന്ന കേസില്‍ യൂട്യൂബര്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റില്‍ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ഷാജഹാനെതിരെ കേസെടുത്ത് മൂന്ന് മണിക്കൂറില്‍ അറസ്റ്റുണ്ടായെന്നും ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയില്‍ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളികൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു.
സൈബര്‍ അധിക്ഷേപ കേസിലാണ് യൂട്യൂബര്‍ കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


