കേരള തീരത്തിനടുത്ത് ഉള്‍ക്കടലില്‍ ചരക്കു കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ട് പോകും. ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
കപ്പലില്‍ 22 ജീവനക്കാരുണ്ടായിരുന്നെങ്കിലും അപകടം നടന്നതോടെ 18 പേര് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെയാണ് ചികിത്സക്കായി കൊണ്ടുപോകുന്നത്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
കപ്പലിലെ തീ അണക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്തിയമര്‍ന്നതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അടുത്തെത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും കപ്പലുകള്‍ക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ കപ്പലും കണ്ടെയ്നറും കടലില്‍ ഒഴുകി നടക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ അപകടകാരികളായ വസ്തുക്കള്‍ ഉള്ളതുകൊണ്ടു തന്നെ തീ അണയ്ക്കുന്നത് ശ്രമകരമാണ്.


