മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്ഡേഴ്സണ് ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.


