കൊളംബിയയിലെ രണ്ട് നഗരങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ കുറഞ്ഞത് 17 പേര് കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ നഗരം കാലിയിലെ തിരക്കേറിയ തെരുവില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര് മരിക്കുകയും അറുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൊളംബിയന്‍ എയ്റോസ്പേസ് ഫോഴ്സിന് സമീപമാണ് സ്ഫോടനം നടന്നത്. മാര്‍ക്കോ ഫിഡല്‍ സുവാരസ് മിലിട്ടറി ഏവിയേഷന്‍ സ്കൂളിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പ്രാഥമിക വിവരം. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും വ്യാപകമായി കേടുപാടുകള്‍ സംഭവിച്ചു.
വടക്കുപടിഞ്ഞാറന്‍ നഗരമായ മെഡെലിന് പുറത്തുള്ള ഗ്രാമപ്രദേശത്ത് ഒരു പൊലീസ് ഹെലികോപ്റ്ററിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ആദ്യം എട്ട് ഉദ്യോഗസ്ഥര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് നാലുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു. കൊക്ക ഇല വിളകള്‍ ഇല്ലാതാക്കാനുള്ള പൊലീസ് ദൗത്യത്തിനിടെ നടന്ന ആക്രമണമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഡ്രോണ്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ നിലത്തുവീണു തീപിടിച്ചുവെന്നും പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഇരട്ടാക്രമണങ്ങള്‍ക്കും രാജ്യത്തെ റെവല്യൂഷണറി ആംഡ് ഫോഴ്സിലെ വിമതരാണ് പിന്നിലെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആരോപിച്ചു. എന്നാല്‍ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ ഗള്‍ഫ് ക്ലാന് കാര്‍ട്ടലിന്റെ പങ്ക് സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കാലിയിലെ കാര്‍ ബോംബ് ആക്രമണത്തില്‍ പങ്കെടുത്തെന്ന സംശയത്തിലുള്ള പ്രതിയുടെ ചിത്രം അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.


