ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണിയുമായി ബി.ജെ.പി വക്താവും മുന്‍ എ.ബി.വി.പി നേതാവുമായ പ്രിന്റു മഹാദേവ്. ലഡാക്കിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു വധഭീഷണി മുഴക്കിയത്. ന്യൂസ് 18 കേരള ചാനലിലെ ചര്‍ച്ചക്കിടെയാണ് വധഭീഷണി. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിവെക്കുമെന്നായിരുന്നു പരാമര്‍ശം.
പരാമര്‍ശം വിവാദമായതിന് പിന്നാലെ കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തി. ബി.ജെ.പി വക്താവ് ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉയര്‍ത്തിയത് ഗൗരവകരമായ കാര്യമാണെന്നും പൊലീസ് ഉടന്‍ പ്രിന്റു മഹാദേവിനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി വിജയന് സര്‍ക്കാറിന് കീഴില്‍ പൊലീസും ബി.ജെ.പിയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്നും ഇതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും പൊലീസ് ഇതുവരെ സംഭവത്തില്‍ സ്വമേധയ കേസെടുത്തിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനാണ് ബിജെപി നോക്കുന്നതെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ അതിന് സമ്മതിക്കില്ലെന്നും സതീശന് പറഞ്ഞു. വര്‍ഗീയതക്കെതിരായ പോരാട്ടം രാഹുല്‍ തുടരും. പിണറായി വിജയന് സര്‍ക്കാര്‍ ബി.ജെ.പിക്ക് കീഴടങ്ങിയതിനാലാണ് ഇക്കാര്യത്തില്‍ കേസെടുക്കാത്തതെന്നും വി.ഡി സതീശന് ആരോപിച്ചു.


