രാജസ്ഥാന് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ റഫീഖ് ഖാനെ ബിജെപി എംഎല്‍എ ഗോപാല്‍ ശര്‍മയാണ് പാകിസ്താനി എന്ന് വിളിച്ച് അവഹേളിച്ചത്. നഗരവികസന, ഭവന, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കുള്ള ഗ്രാന്റുകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം.
ജയ്പൂരിലെ ആദര്‍ശ് നഗറിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് റഫീഖ് ഖാന്. സിവില്‍ ലൈന്‍സിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ശര്‍മ്മ.
കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ബിജെപി സര്‍ക്കാരുകളെയും താരതമ്യം ചെയ്ത് ഖാന് സംസാരിക്കുന്നതിനിടെയായിരുന്നു ഗോപാല്‍ ശര്‍മയുടെ വിവാദ പരാമര്‍ശം.
റഫീഖ് ഖാന് സംസാരിക്കുന്നതിനിടെ നിരന്തരം ഇടപെട്ട ഗോപാല്‍ ശര്‍മ പിന്നീട് ‘പാകിസ്താനി-പാകിസ്താനി’ എന്ന് പറയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ സഭയില്‍ ബഹളമായി. സ്പീക്കര്‍ സന്ദീപ് ശര്‍മ ഇടപെട്ടാണ് അംഗങ്ങളെ പരസ്പരം പോര്‍വിളിയില്‍ നിന്നും പിന്തിരിപ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെയും ശര്‍മ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. സഭയില്‍ അംഗമല്ലാത്തവരുടെ പേര് വലിച്ചിഴക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. അതേസമയം അന്തരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരെ ശര്‍മ്മ ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.


