ആലപ്പുഴ: ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകരുടെ ശ്രമം. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട പ്രതിഷേധം കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുകയാണ്. അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്തയച്ചു. മിനിട്സില്‍ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമര്‍ശം. ആദ്യം അംഗീകരിച്ച മിനിട്സില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന ഉണ്ടായിരുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുപിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന് അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു.


