ബിജെപിയുമായി സഖ്യമുണ്ടാക്കി ജമ്മുകശ്മീരിന് സംസ്ഥാന പദവി ലഭിക്കുന്നതിലും നല്ലത് മുഖ്യമന്ത്രി പദവി രാജിവെക്കുന്നതാണെന്ന് ഉമര്‍ അബ്ദുല്ല. ”ബിജെപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രത്യുപകാരമായി ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ അത് സാധ്യമാകുമായിരുന്നു. ഒരു വിട്ടുവീഴ്ചക്ക് നിങ്ങള്‍ തയ്യാറാണോ? ഞാന്‍ തയ്യാറല്ല” ഉമര്‍ അബ്ദുല്ല പറഞ്ഞു.
തെക്കന്‍ കശ്മീരില്‍ നടത്തിയ റാലിയില്‍ പാര്‍ട്ടി എംഎല്‍എമാരെ അഭിസംബോധന ചെയ്തായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം തന്റെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. 2015ല്‍ മുഫ്തി മുഹമ്മദ് സഈദ് സാഹിബും 2016ല്‍ മെഹ്ബൂബ മുഫ്തിയും ചെയ്തതുപോലെ ബിജെപിയെ സര്‍ക്കാരിന്റെ ഭാഗമാക്കുക എന്നതായിരുന്നു അത്. അവര്‍ക്ക് ബിജെപിയെ മാറ്റിനിര്‍ത്താമായിരുന്നു. ജമ്മുവിന് പ്രാതിനിധ്യം നല്കേണ്ടതിനാല് ബിജെപിയെ സര്‍ക്കാരിന്റെ ഭാഗമാക്കി എന്നാണ് ന്യായീകരണം. എന്നാല്‍ ബിജെപിയെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താതെ തങ്ങള്‍ ജമ്മുവിന് പ്രാതിനിധ്യം നല്കി. ബിജെപിയെ മന്ത്രിസഭയുടെ ഭാഗമാക്കി സംസ്ഥാന പദവി നേടിയെടുക്കാന്‍ താല്പര്യമില്ല. തങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്- ഉമര്‍ അബ്ദുല്ല പറഞ്ഞു.
പാര്‍ട്ടിയുടെ ചില നിയമസഭാംഗങ്ങള്‍ ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ പ്രശംസിക്കുകയും അടച്ചിട്ട മുറിയില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി ശരിയല്ല. അകത്ത് പറയുന്നത് പോലെ തന്നെ പുറത്തും പറയണമെന്നും എംഎല്‍എമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.


