ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തിങ്കളാഴ്ച ധാക്കയിലെ ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണ് ഒരാളെങ്കിലും കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധാക്കയിലെ ഉത്തര ഏരിയയിലെ മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലാണ് ചൈന നിര്‍മിത എഫ്-7 ജെറ്റ് തകര്‍ന്നുവീണത്.
ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ രക്ഷാപ്രവര്‍ത്തകരെത്തി.
ആംബുലന്‍സുകള്‍ ലഭ്യമല്ലാത്തതിനാല്‍, പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കരസേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി റിക്ഷാ വാനുകളിലും മറ്റ് വാഹനങ്ങളിലും ആശുപത്രികളിലെത്തിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ബംഗ്ലാദേശ് വ്യോമസേന തകരാര്‍ സ്ഥിരീകരിച്ചെങ്കിലും അപകടകാരണം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.
കോളേജ് അധ്യാപകരും ജീവനക്കാരും സൈന്യവും അഗ്നിശമന സേന ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്ന് നിലകളുള്ള സ്കൂള്‍ കെട്ടിടത്തിന്റെ മുന്‍വശത്ത് വിമാനം തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി ഒരു അധ്യാപകന് പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറിയില്‍ മുപ്പതിലധികം പേരെ പ്രവേശിപ്പിച്ചതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ളവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


