ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസമാണ് അന്വേഷണത്തിനായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
അതേസമയം ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.
പ്രതി കവര്‍ച്ച നടത്തിയതിനു ശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലൂടെയും പ്രതി ധരിച്ചിരുന്ന മാസ്കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തും ഉള്‍പ്പെടെ എത്തിച്ച് ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
കവര്‍ച്ചയ്ക്കായി പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പറുകള്‍ വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് പ്രതി പറയുന്നത്. അതേസമയം നമ്പര്‍ പ്ലേറ്റ് കേസില്‍ കണ്ടെടുക്കേണ്ടതും നിര്‍ണായകമാണ്.
പ്രതി റിജോ ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് നിഗമനം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തത്. കൂടാതെ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കത്തിയും കവര്‍ച്ചാ സമയം ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പ്രതിയെ രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയിരുന്ന മൂന്ന് ലക്ഷത്തോളം രൂപ കണ്ടെടുത്തു. തുടര്‍ന്ന് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു.


