കൊല്ലം: ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു.
‘ഒരു അടിമയെ പോലെയാണ് അവന് ഭാര്യയെ കണ്ടത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവള് കെട്ടികൊടുത്താലേ അവന് പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള് നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം’- സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ അതുല്യ ശേഖറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ചവറ തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. കൊല്ലം ചവറ സ്വദേശിയായ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.


