വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ഉദ്യോഗസ്ഥനെ ബൈക്ക് ഇടിച്ച് വീഴ്ത്തി. സിവില്‍ എക്സൈസ് ഓഫീസര്‍ ജയ്മോന് പരുക്കേറ്റു. സംഭവത്തില്‍ പ്രതി ഹൈദറെ പൊലീസ് പിടികൂടി.
ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് മൂന്ന് പല്ലുകള്‍ നഷ്ടമാവുകയും തലക്കും താടിയെല്ലിനും സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. മുമ്പും ലഹരിക്കടത്ത് കേസില്‍ പിടിയില്‍ ആയിട്ടുള്ള അഞ്ചാം മൈല്‍ സ്വദേശിയാണ് ആക്രമണത്തിനു പിന്നില്‍.
അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അതേസമയം, കോഴിക്കോട് പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പൊലീസ് പിടിയിലായത്.


