ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന് ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.
ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്കാന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.


