ബേപ്പൂർ: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ. പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.
വിഴിഞ്ഞം സ്വദേശി എസ്.സേവ്യറിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ആന്റണി’ ബോട്ടാണ് മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.ഷൺമുഖന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന.
രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണു പിടിച്ചെടുക്കുന്നത്. പിടികൂടിയ ബോട്ടിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് സീനിയർ സിപിഒമാരായ മനു തോമസ്, കെ.കെ.ഷാജി, റെസ്ക്യു ഗാർഡുമാരായ ജെ.എസ്.വിഘ്നേഷ്, എം.താജുദ്ദീൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.


