ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന ഫ്രാൻസിസ്, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയും ചെയ്തത് ചട്ടം 267പ്രകാരം രാജ്യസഭയിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ഹാരിസ് ബിരാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ വെളിച്ചത്തിൽ ഛത്തീസ്ഗഡിൽ രണ്ട് കേരള കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കോൺവെൻ്റിൽ ജോലിക്കായി സ്വമേധയാ യാത്ര ചെയ്ത ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയായ മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമൊപ്പമാണ് കന്യാസ്ത്രീകളെ തെളിവുകളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തത് കാര്യമായ ആശങ്കകൾ ഉയർത്തുന്നതായും എം പി ആരോപിച്ചു.


