ചണ്ഡീഗഡ്: പഞ്ചാബില്‍ അതിര്‍ത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പിടികൂടി.
സോഷ്യല്‍ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് വിദേശ ഇടപാടുകാരുമായി ആയുധക്കടത്തിന് നേതൃത്വം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. അറസ്റ്റിലായ മറ്റു അംഗങ്ങള്‍ പര്‍ഗത് സിംഗ്, അജയ്ബീര്‍ സിംഗ്, കരണ്‍ബീര്‍ സിംഗ്, ശ്രീറാം സിംഗ്, ദിനേശ് കുമാര്‍ എന്നിവരാണ്.
രണ്ട് ആയുധങ്ങളുമായി അതിര്‍ത്തി കടന്നപ്പോള്‍ പര്‍ഗത് സിംഗ് പിടിയിലായി. ശേഷിക്കുന്നവര്‍ പിന്നീട് പിടിയിലായി. രോഹിത്തിനെ മൂന്ന് ആയുധങ്ങളുമായി ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആയുധവ്യാപാരത്തില്‍ നിന്നുള്ള പണം ഹവാല വഴി ഇന്ത്യയിലെത്തിച്ചതായും കണ്ടെത്തി. 5.75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ദിനേശ് കുമാറും പിടിയിലായി.
പിടിച്ചെടുത്ത ആയുധങ്ങള്‍: ഗ്ലോക്ക് 9എംഎം, 3 പിഎക്സ്5 പോയിന്റ് 3 ബോര്, പോയിന്റ് 32 ബോര്, പോയിന്റ് 30 ബോര്. സംഘത്തിലെ മറ്റുള്ളവരുടെ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


