തനിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാര്‍. യുവതിയുടേത് സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയാണെന്നാണ് കൃഷ്ണകുമാറിന്റെ വാദം. അതേസമയം, സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നല്കിയ പരാതിയില്‍ യുവതി പീഡനാരോപണം ഉന്നയിച്ചിരുന്നതായും എന്നാല്‍ കോടതി ഇത് തള്ളിയെന്നുമാണ് കൃഷ്ണകുമാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഉണ്ടായ ചോദ്യങ്ങള്‍ക്ക് പിന്നാലെ പൊലീസ് പരാതി അന്വേഷിച്ച് തള്ളിയതാണെന്നും അതുകൊണ്ട് കോടതിയിലെത്തിയില്ലെന്നും കൃഷ്ണകുമാര്‍ മാറ്റി പറഞ്ഞു.
പാര്‍ട്ടിയില്‍ പലര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന യുവതിയുടെ ആരോപണത്തിന് മറുപടിയായി കഴമ്പുണ്ടെന്ന് തോന്നിയ പരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും, അങ്ങനെയുണ്ടായാല്‍ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്നും കൃഷ്ണകുമാര്‍ വാദിച്ചു. പീഡന പരാതിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കൃഷ്ണകുമാറിന് സാധിച്ചില്ല.


