ത്രിഭാഷ നയം, മണ്ഡല പുനര്‍നിര്‍ണ്ണയം, വ്യാജ വോട്ടര്‍ കാര്‍ഡ്, മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. കേരളത്തിലെ ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങളും ചര്‍ച്ചയാവും. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എതിരെ ഇന്നും ഇരു സഭകളിലും പ്രതിഷേധിച്ചേക്കും. മണിപ്പൂര്‍ സംഘര്‍ഷം, ദേശീയ വിദ്യാഭ്യാസ നയം, മണ്ഡല പുനര്‍ നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ ഇന്നലെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിയോജിപ്പോടെയാണ് പ്രതിപക്ഷം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയ ചര്‍ച്ച ഇന്ന് നടക്കും. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ളവയില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെതിരെ ഇന്നലെയും വലിയ വിമര്‍ശനങ്ങള്‍ ഡിഎംകെ ഉയര്‍ത്തിയിരുന്നു.
അതേസമയം, ലോക്സഭയില്‍ മണിപ്പൂര്‍ ബജറ്റില്‍ ചര്‍ച്ചകള്‍ തുടരും. റെയില്‍വേ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജ്യത്തേക്ക് വരുകയും മടങ്ങുകയും ചെയ്യുന്ന വിദേശികള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്ലിന്മേല് ഉള്ള വിശദമായ ചര്‍ച്ച ഇന്ന് ലോക്സഭയില്‍ നടക്കും.


