തിരുപ്പതി: നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുന്നോടിയായി തിയേറ്ററില്‍ മൃഗബലി നടത്തിയ കേസില്‍ തിരുപ്പതിയില്‍ അഞ്ച് പേര് അറസ്റ്റില്‍. നായകന്റെ പോസ്റ്ററില്‍ ആരാധകര്‍ ആടിന്റെ തലയറുത്ത് രക്തം പുരട്ടുകയായിരുന്നു. ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.


