കര്‍ണാടക: ബെലഗാവി ജില്ലയിലെ റായ്ബാഗ് അടുത്ത ഐനാപൂരില്‍ ബീഫ് കടത്തുകയാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. ഡ്രൈവറെ സംഘം ആക്രമിച്ച ശേഷമാണ് സംഭവം നടന്നത്.
കുടച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കില്‍ ടണ്‍ കണക്കിന് ബീഫ് കണ്ടെത്തിയതായാണ് ആള്‍ക്കൂട്ടത്തിന്റെ അവകാശവാദം. എന്നാല്‍ പൊലീസെത്തുംമുമ്പ് വാഹനം കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ബെലഗാവി പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പച്ചക്കറികള്‍, പാല് തുടങ്ങിയ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ സാധാരണയായി കാര്‍ലെ ഗ്രാമം വഴിയാണ് കടന്നുപോകാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാംസം കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അത് ഗോ മാംസമാണെന്ന് സംശയിച്ച് ചില ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൊലീസിന് കൈമാറിയ സംഭവങ്ങള്‍ നടന്നിരുന്നു.


