തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ അഖിന്ത്യ പണിമുടക്ക് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുന്നിലും പ്രതിഷേധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുണ്ടാവും എന്ന ഗതാഗത മന്ത്രിയുടെ വാക്കുകള്‍ തള്ളി ജീവനക്കാരുടെ യൂണിയനുകള്‍ രംഗത്ത് വന്നു.
17 ഓളം സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും, പണിമുടക്കുന്നുണ്ട്. കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ മന്ത്രിയുടെ വാക്കുകള്‍ കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ തള്ളി. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പേ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും യൂണിയനുകള്‍ വ്യക്തമാക്കി. ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക,
സ്കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്ഷന് 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യ പണിമുടക്ക്.


