തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) രണ്ടാം സീസണ് കൊടിയിറങ്ങിയപ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ഓള്‍റൗണ്ടര്‍ അഖില്‍ സ്കറിയ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഖില്‍, 11 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ഇക്കുറി സ്വന്തം ടീം സെമിയില്‍ തോറ്റു പുറത്തായെങ്കിലും വിക്കറ്റ് കൊയ്ത്തില്‍ കാല് സെഞ്ചുറി നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ്പിന് ഈ 26കാരന് അര്‍ഹനാകുകയായിരുന്നു. രണ്ട് തവണയാണ് അഖില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് രണ്ടാം സീസണില്‍ അഖിലിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
കേരള ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് അഖില്‍ സ്കറിയ പര്‍പ്പിള്‍ ക്യാപ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിലും 25 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ കെ.സി.എല്ലില്‍ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളര്‍ എന്ന റെക്കോര്‍ഡും അഖില്‍ സ്വന്തം പേരിലാക്കി. ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിംഗിലും വിസ്മയ പ്രകടനമാണ് അഖില്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ആകെ 314 റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 72 റണ്‍സാണ്.
വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് കൊല്ലം ഏരീസിന്റെ അമല്‍ എ.ജി ആണ്. 12 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് അമല്‍ പേരിലാക്കിയത്. കൊച്ചി ബ്ലുടൈഗേഴ്സിന്റെ കെ.എം. ആസിഫ് 16 വിക്കറ്റുമായി മൂന്നാം സ്ഥാനതെത്തി. തൃശൂര്‍ ടൈറ്റന്‍സ് താരം സിബിന് ഗിരീഷും പി.എസ് ജെറിനും 15 വീക്കറ്റ് വീതം വീഴ്ത്തി.
10 മത്സരങ്ങളില്‍ നിന്നായി 479 റണ്‍സ് അടിച്ചൂകൂട്ടിയ ട്രിവാന്‍ഡ്രം റോയല്‍സിന്റെ നായകന് ക്യഷ്ണ പ്രസാദിനാണ് ഓറഞ്ച്. സെമി കാണാതെ റോയല്‍സ് ലീഗ്ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും കൃഷ്ണ പ്രസാദ് സ്വന്തംപേരില്‍ കുറിച്ചു. കെ.സി.എല്ലില്‍ റോയല്‍സിനായി ഓപണര്‍ റോളില്‍ ഇറങ്ങിയ ‘കെ.പി,’ പവര്‍ പ്ലേകളില്‍ പവറായും മധ്യ ഓവറുകളില്‍ ഫീല്‍ഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിന്റെ സ്കോര്‍ ഉയര്‍ത്തിയും അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ക്കെതിരെ കത്തിപ്പടരുന്നതിനും ഗ്രീന്‍ഫീല്‍ഡ് സാക്ഷ്യം വഹിച്ചു. പ്രഥമ കെ.സി.എല്‍ സീസണില്‍ ആലപ്പി റിപ്പിള്‍സ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാന്‍ഡ്രം മൂന്ന് ലക്ഷത്തിനാണ് ലേലത്തില്‍ പിടിച്ചെടുത്തത്. ആദ്യ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 192 റണ്‍സായിരുന്നു സമ്പാദ്യം.


