വഖഫ് ഭേദഗതി ബില്ലിനെതിരെ ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) മാര്‍ച്ച് 10ന്. ജന്തര്‍മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ പ്രധാന പരിപാടിക്ക് മുന്നോടിയായി, മാര്‍ച്ച് 7 ന് പട്നയിലും വിജയവാഡയിലും എഐഎംപിഎല്‍ബി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മുസ്ലീം സംഘടനകളും മുസ്ലിം സമൂഹവും ചേര്‍ന്ന് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനോടും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോടും നിരന്തരം ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്ന് എഐഎംപിഎല്‍ബി വക്താവ് ഡോ. സയ്യിദ് കാസിം റസൂല്‍ ഇല്യാസ് പറഞ്ഞു. നിര്‍ദ്ദിഷ്ട വഖഫ് ഭേദഗതി ബില്‍ വഖഫ് സ്വത്തുക്കളുടെ സമഗ്രതയ്ക്ക് ഭീഷണിയാണെന്നും അത് പിന്‍വലിക്കണമെന്നും അവര്‍ വാദിച്ചു. അതേസമയം ഈ എതിര്‍പ്പുകളുണ്ടായിട്ടും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
‘ഇപ്പോള്‍ സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്, സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മനഃസാക്ഷിയെ ഉണര്‍ത്താനും പ്രതിഷേധം രേഖപ്പെടുത്താനും മാര്‍ച്ച് 10 ന് പാര്‍ലമെന്റിന് മുന്നില്‍ ജന്തര്‍ മന്ദറില്‍ കുത്തിയിരിപ്പ് സമരം നടത്താന്‍ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു,’ ഡോ. ഇല്യാസ് പറഞ്ഞു.
അനീതികള്‍ക്കെതിരെയുള്ള ഈ പ്രകടനത്തില്‍ അണിചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളോടും അദ്ദേഹം തുടര്‍ന്നും ആഹ്വാനം ചെയ്തു.
ദലിതര്‍, ആദിവാസികള്‍, ഒബിസികള്‍, സിഖ്, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള മതപരമായ വ്യക്തികള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


