ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് അകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍േ്രേടാളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, 7 പേര് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.
അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസം നേരിട്ടു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.


