വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം നാട്ടില്‍ തിരിച്ചെത്തി ബന്ധുക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തി അബ്ദുറഹിം തന്റെ മകന്റെയും ഉമ്മയുടെയും ജ്യേഷ്ഠന്റെയും ജ്യേഷ്ഠന്റെ ഭാര്യയുടെയും ഖബറിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്.
നാട്ടിലെത്തിയ അബ്ദുറഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോടും ആവര്‍ത്തിച്ചത്. ഇളയമകന് അഫ്സാനെ കുറിച്ചും അവര്‍ ചോദിച്ചു. മൂത്ത മകന് അഫാനെക്കുറിച്ചും ചോദിച്ചു.
അതേസമയം അഫ്സാന് റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഇഖാമ പുതുക്കാതെ നിയമപ്രശ്നത്തിലും ബിസിനസ് പൊളിഞ്ഞതോടെയും സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഏഴുവര്‍ഷമായി ദമ്മാമിലായിരുന്നു ഇദ്ദേഹം.
റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന് പറഞ്ഞതെങ്കിലും 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്ന് റഹിം വ്യക്തമാക്കിയിരുന്നു.


