എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ തെറ്റായ പ്രസംഗം നടത്തിയതില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പി പി ദിവ്യയ്ക്ക് വിമര്‍ശനം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎം അനുശോചിക്കുകയും ചെയ്തു. തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയതെന്നും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് നവീന്‍ ബാബുവിന്റെ അനുശോചന പ്രമേയം അവതരിപ്പിച്ചത്.
എഡിഎമ്മിന്റെ യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു അദ്ദേഹത്തെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.


