എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഭാര്യയുടെ അപ്പീല്‍ ഹരജി ഹൈകോടതി ഫെബ്രുവരി ആറിന് പരിഗണിക്കാന്‍ മാറ്റി.
വസ്തുതകള്‍ നന്നായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് കാണിച്ച് ഭാര്യ മഞ്ജുഷ നല്കിയ ഹരജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റിയത്. നവീന്‍ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സംശയമടക്കം ഉന്നയിച്ചാണ് അപ്പീല്‍ നല്‍കിയിരുന്നത്.
2024 ഒക്ടോബര്‍ 15നാണ് മുന്‍ എഡിഎം നവീന്‍ ബാബുവിനെ താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി ആറിനാണ് സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയത്.
സര്‍ക്കാറിലും സി.പി.എമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി പി.പി. ദിവ്യ അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിള്‍ ബെഞ്ച് പരിഗണിച്ചിട്ടില്ലെന്നും അതിനാല്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമാണ് അപ്പീലില്‍ നവീന്‍ ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടിട്ടുള്ളത്.


