കോഴിക്കോട്: പത്തുദിവസം മുന്‍പ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി വിദ്യാര്‍ത്ഥിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. മധുരയില്‍ ഉണ്ടെന്നറിയിച്ച് കൊണ്ട് കുട്ടി പിതാവിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുണ്ടക്കുന്ന് ഉന്നതിയിലെ താമസക്കാരനായ 14 കാരന് വിജിത് വിനീതിനെ തിരുവോണദിവസം മുതല്‍ കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് വിജിത്.
തിരുവോണനാളില്‍ രാവിലെ പതിനൊന്ന് മണിയോടെ കൂട്ടുകാര്‍ക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകിട്ട് ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിരുന്നു. ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചു. രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇവിടെനിന്നും കുട്ടി എങ്ങോട്ടുപോയി എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.


