നടി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്കി നടി കുക്കു പരമേശ്വരന്. മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജാവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. താരസംഘടനയായ അമ്മയിലെ വനിത അംഗങ്ങളുടെ പരാതി അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന് ചോര്‍ത്തി നല്കി എന്നതായിരുന്നു നടികളുടെ ആരോപണം. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് വ്യക്തമാക്കണം എന്നതായിരുന്നു ഉഷ ഹസീന, പൊന്നമ്മ ബാബു ഉള്‍പ്പെടെയുള്ള നടിമാര്‍ ആരോപിച്ചത്.
സംഘടനാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വന്നതിന് പിന്നാലെയാണ് മെമ്മറി കാര്‍ഡ് വിവാദം കൊണ്ടു വന്നതെന്നും ഇതുമൂലം തന്നെ തേജാവധം ചെയ്യുകയാണെന്നും കുക്കു പരമേശ്വരന് പരാതിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വേണ്ടി അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.


