ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.

കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.

പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.
പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.


