ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന് പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്സില്‍ പങ്കുവെച്ചത്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.
വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന് ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.
എയര്‍ ഇന്ത്യയിലെ ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര് മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.


