വയനാട്ടില്‍ ജനവാസമേഖലയില്‍ കടുവയും പുലിയും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി പെരുന്തട്ട ഹെല്‍ത്ത് സെന്ററിനുസമീപം എല്‍സ്റ്റണ്‍ എസ്റ്റേറ്റിലായിരുന്നു സംഭവം. വലിയ ശബ്ദംകേട്ടാണ് വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രദേശവാസികള്‍ക്ക് മനസ്സിലായത്. പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത് സ്ഥിരീകരിക്കുന്ന അടയാളങ്ങളുമുണ്ട്.
ശബ്ദംകേട്ടെത്തിയപ്പോള്‍ കടുവയും പുലിയും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കണ്ടതെന്നും കടുവ വനഭാഗത്തേക്കും പുലി ജനവാസമേഖലയിലേക്കുമാണ് പോയതെന്നും ദൃക്സാക്ഷികളിലൊരാളായ ബെന്നി ലൂയിസ് പറഞ്ഞു. പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയുടേതെന്നു സംശയിക്കുന്ന രോമവും കണ്ടെത്തി.
പുലിക്ക് സാരമായി പരിക്കേറ്റിറ്റുണ്ടാവാമെന്ന നിഗമനത്തിലാണ് വനംവകുപ്പ. ഇതേതുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെയും കടുവയെയും കണ്ടെത്താനായില്ല. വനംവകുപ്പ് മേപ്പാടി റാപ്പിഡ് റെസ്പോണ്‍സ് ടീമും മുട്ടില്‍ സെക്ഷന്‍ അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ഏറ്റുമുട്ടലുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് വനംവകുപ്പ് ക്യാമറകളും സ്ഥാപിച്ചു. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണം തുടരുമെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച സമീപപ്രദേശങ്ങളായ ചുണ്ടവയലില്‍ കടുവയെയും കണ്ണന്‍ചാത്തില്‍ പുലിയെയും കണ്ടിരുന്നു. രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.


