ഗസ്സയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്ഷണത്തിനായി കാത്തുനിന്ന 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഈ ആഴ്ച നല്കിയ കണക്കുകള്‍ പ്രകാരം, ഇസ്രാഈലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഫൗണ്ടേഷനില്‍ നിന്ന് ഭക്ഷണം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം മെയ് അവസാനം മുതല്‍ 700 ആയി ഉയര്‍ന്നു.
വിതരണ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കണ്ണീര് വാതകം പ്രയോഗിച്ചതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ഗസ്സന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 പേര് കൊല്ലപ്പെട്ടു, അതില്‍ 15 പേര് ശ്വാസം മുട്ടി മരിച്ചു.
ജനക്കൂട്ടത്തിനിടയില്‍ സായുധ പ്രക്ഷോഭകര്‍ ‘അരാജകവും അപകടകരവുമായ കുതിച്ചുചാട്ടം’ സൃഷ്ടിച്ചതിനെ തുടര്‍ന്ന് 20 പേര് കൊല്ലപ്പെട്ടതായി ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് അറിയിച്ചു.
ചൊവ്വാഴ്ച കിഴക്കന്‍ ഗസ്സ സിറ്റിയിലെ വീടിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം ഒരേ കുടുംബത്തിലെ 13 പേര് കൊല്ലപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണങ്ങള്‍ ഉപയോഗിച്ച് ഏകദേശം എട്ട് മണിക്കൂറോളം രക്ഷാപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് സമീപിക്കുന്നത് ഇസ്രാഈല്‍ സൈന്യം തടഞ്ഞതിനാല്‍ ഇരകളില്‍ ചിലര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിക്കാന്‍ ഇടയായി.


