ഗസ്സ: കരയുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഭീകര യാഥാര്‍ഥ്യങ്ങള്‍ പങ്കുവച്ച് മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. ‘വംശഹത്യയുടെ അങ്ങേയറ്റമാണ് ഇവിടെ നടക്കുന്നതെന്നും കണക്കില്ലാത്ത മരണങ്ങള് പ്രതിദിനം എന്റെ കണ്മുന്നില് കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു.
നാസ്സര്‍ ആശുപത്രിയില്‍ ഇസ്രഈല്‍ നടത്തിയ രണ്ട് ആക്രമണങ്ങള്‍ക്ക് താന്‍ സാക്ഷിയായതായും, ഐസിയു പോലും ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ‘ഡബിള്‍ ടാപ്പിംഗ്’ രീതിയാണ് ഇസ്രഈല്‍ പിന്തുടരുന്നത് ആദ്യം ബോംബ് പതിച്ച്, കുറച്ച് മിനിറ്റുകള്‍ക്കുശേഷം വീണ്ടും അതേ സ്ഥലത്ത് ആക്രമണം. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നവരാണ് കൂടുതലും മരിക്കുന്നത്.
ഗസ്സയില്‍ ഇപ്പോള്‍ നിര്‍ബന്ധിത പലായനമാണ് നടക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ‘അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ക്കും’ എന്ന് ഭീഷണിപ്പെടുത്തിയാണ് ജനങ്ങളെ പുറത്താക്കുന്നത്. 40 കിലോമീറ്റര്‍ ട്രക്ക് യാത്രയ്ക്ക് 80,000 രൂപ വരെ ചിലവഴിക്കേണ്ടി വരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം നടന്ന് പോകേണ്ടി വരും. പലര്‍ക്കും യാത്രയ്ക്കുള്ള പണം പോലും ഇല്ല, ചിലര്‍ കഴുതവണ്ടി ആശ്രയിക്കുന്നു. എന്നാല്‍ പോകാനുള്ള സുരക്ഷിതമായ സ്ഥലം തന്നെ ഇല്ല.
‘ഗസ്സയിലെ കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്നു. എനിക്കും ഒരു നേരത്തെ ഭക്ഷണം മാത്രം ലഭിക്കുന്നു ചോറും പരിപ്പും മാത്രമാണ്. എണ്ണയോ പച്ചക്കറികളോ കിട്ടുന്നില്ല. ബോംബാക്രമണ പരുക്കുകള്‍ക്കൊപ്പം പോഷകാഹാരക്കുറവ്, ശ്വാസകോശരോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ ജനങ്ങളെ വലയ്ക്കുന്നു,’ എന്നും സന്തോഷ് കുമാര്‍ പറഞ്ഞു.


