ഗസ്സയില്‍ 15 മാസങ്ങള്‍ക്കിപ്പുറം ഇന്ന് വെടിയൊച്ചകള്‍ നിലച്ച പ്രതീക്ഷയുടെ പൊന്‍പുലരി. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് മൂന്ന് ഇസ്രാഈലി വനിതാ ബന്ദികളെ വിട്ടയച്ചിരുന്നു. ഇതിനു പകരമായി മണിക്കൂറുകള്‍ പിന്നിട്ട് ഇസ്രാഈല്‍ തടവറകളിലുള്ള 90 ഫലസ്തീനികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. അനിശ്ചിതത്വത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് ആദ്യ ദിവസം മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടിരുന്നത്. ഇതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നത്.
വനിതാ ബന്ദികളായ എമിലി ദമാരി, ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, റോമി ഗോനെന്‍ എന്നീ യുവതികളെ തെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനക്കായി എത്തിച്ചു. റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്രാഈല്‍ സൈന്യം ഏറ്റുവാങ്ങിയിരുന്നു. യുവതികള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് അറിയിച്ചു. ചത്വരത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുദ്രാവാക്യങ്ങളോടെയാണ് ഖസ്സാം പോരാളികളെ വരവേറ്റത്. ഫലസ്തീന് തടവുകാരെ വിട്ടയക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഇസ്രാഈല്‍ തുടക്കം കുറിച്ചത് രാത്രി വൈകിയാണ്.ഇസ്രാഈല്‍ തടവറക്കു മുന്നില്‍ കാത്തുനിന്ന ഫലസ്തീന് ബന്ധുക്കള്‍ക്ക് നേരെ സുരക്ഷാ സേന ബലപ്രയോഗവും നടത്തി.


